Kerala
തൃശൂര്‍: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചടങ്ങിനിടെ വിദ്യാര്‍ഥികൾ ആര്‍എസ്എസ് ഗണഗീതം പാടിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി ചൊല്ലിയതാണെന്നും തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ പാടിയതെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്.
ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമായിട്ടാണ്. കുട്ടികൾക്ക് അപ്പോൾ തോന്നിയത് ചെയ്തു. നിഷ്കളങ്കമായി ചൊല്ലിയതാണ്. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയത്. സംഗീതത്തിന് ജാതിയില്ല, മതമില്ല, ഭാഷയില്ല, ഒരു പിണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ ഉള്ളതാണ്. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡും കൊടുക്കുന്നില്ലേയെന്നും സുരേഷ് ഗോപി ചോദിച്ചു.
വന്ദേ ഭാരതിന്റെ വരവ് വലിയ ആഘോഷമാണ്. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി കേന്ദ്രസർക്കാർ എന്നിവരുടെ നേതൃത്വത്തിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വീസ്. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് ആണ് കൂടുതൽ ട്രെയിനുകൾ സാധ്യമാകാത്തതെന്നും സുരേഷ് ഗോപി പറഞ്ഞു.
Kerala
തിരുവനന്തപുരം: എറണാകുളം - ബംഗളൂരു വന്ദേഭാരത് എക്സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെ വിദ്യാര്ഥികളെക്കൊണ്ട് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി.
സംഭവം സംബന്ധിച്ച് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിക്കും. വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ഔദ്യോഗിക ചടങ്ങ് നടത്തിയതില്‍ വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
സര്‍ക്കാര്‍ പരിപാടികളില്‍ കുട്ടികളെ രാഷ്ട്രീയവത്കരിക്കുന്നതും ഒരു പ്രത്യേക വിഭാഗത്തിന്റെ വര്‍ഗീയ അജണ്ടകള്‍ക്ക് ഉപയോഗിക്കുന്നതും ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണ്. രാജ്യത്തിന്റെ മതനിരപേക്ഷ ദേശീയത സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും, അത് ഉറപ്പുവരുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വന്ദേഭാരത് ഫ്ലാഗ് ഓഫ് ചടങ്ങിന് ശേഷം വിദ്യാർഥികൾ ട്രെയിനിന് അകത്തുനിന്നാണ് ഗണഗീതം പാടിയത്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനമുയർത്തിയിരുന്നു. കൂടാതെ, സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് കെ.സി.വേണുഗോപാൽ എംപി റെയിൽവേ മന്ത്രിക്ക് കത്ത് നൽകിയിട്ടുണ്ട്.
National
ചെന്നൈ: കരൂര്‍ ദുരന്തത്തിൽ നടനും ടിവികെ അധ്യക്ഷനുമായ വിജയ്ക്കെതിരെ നിലപാട് കടുപ്പിച്ച് ഡിഎംകെ. വിജയ് ആര്‍എസ്എസ് ഗണവേഷത്തിൽ ചോരയിൽ കുളിച്ചു നിൽക്കുന്ന പോസ്റ്റര്‍ ചേര്‍ത്തുള്ള എക്സ് പോസ്റ്റിലൂടെയാണ് ഡിഎംകെ വിജയ്ക്കെതിരെ തുറന്നടിച്ചത്.
ടിവികെയുടെ പതാകയുടെ നിറമുള്ള ഷോള് അണിഞ്ഞ് ആര്‍എസ്എസ് ഗണവേഷം ധരിച്ച് പുറം തിരിഞ്ഞു നിൽക്കുന്ന വിജയുടെ ഗ്രാഫിക്സ് ചിത്രമാണ് പുറത്തുവിട്ടത്. ഇടതു കൈയിൽ രക്ത തുള്ളികളും വലതു കൈയിൽ രാഖിയും ഷർട്ടിൽ രക്തക്കറയും പുരണ്ട പുറത്തുവിട്ടത്.
കരൂര്‍ ഇരകളെ വിജയ് അപമാനിക്കുകയാണെന്നാണ് എക്സ് പോസ്റ്റിൽ ഡിഎംഎകെയുടെ വിമര്‍ശനം. ഡിഎംകെ ഐടി വിംഗ് ആണ് എക്സ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
Kerala
കൊച്ചി: മുൻ ഡിജിപി ജേക്കബ് തോമസ് ആർഎസ്എസിൽ മുഴുവൻസമയ പ്രവർത്തകനാകുന്നു. ഇതിന്റെ ഭാഗമായി, ആർഎസ്എസിന്റെ സ്ഥാപകദിനമായ വിജയദശമി ദിനത്തിൽ നടക്കുന്ന പദസഞ്ചലനത്തിൽ പങ്കെടുക്കും.
എറണാകുളം ജില്ലയിലെ പള്ളിക്കരയിൽ നടക്കുന്ന വിജയദശമി ദിനത്തിലെ പദസഞ്ചലത്തിലാണ് അദ്ദേഹം പൂർണ ഗണവേഷത്തിൽ പങ്കെടുക്കുക. ആർഎസ്എസിന്റെ ശതാബ്ധി വർഷമാണ് എന്ന പ്രത്യേകതയുണ്ട് ഇത്തവണത്തെ വിജയദശമിക്ക്.
പോലീസ് സേനയിൽ നിന്ന് വിരമിച്ച ശേഷമാണ് ജേക്കബ് തോമസ് സംഘപരിവാർ പ്രസ്ഥാനങ്ങളുമായി കൂടുതൽ അടുത്തത്. ഇതിനു മുൻപും ആർഎസ്എസ് സംഘടിപ്പിച്ച പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുടയിൽ നിന്ന് ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.
ഹൃദയപൂർവം ഭാരതത്തോട് ചേർന്ന് നിൽക്കുക എന്ന ആശയത്തോടെയാണ് നൂറാം വർഷമാകുന്ന ആർഎസ്എസിൽ സജീവമാകുന്നതെന്ന് ജേക്കബ് തോമസ് പറഞ്ഞു. പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും മുഴുവൻ സമയപ്രവർത്തനമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.